Wednesday, August 29, 2018

ഓർമ്മത്തെറ്റുകൾ

തോടിന്റെ കരയിൽനിന്ന മൂവാണ്ടൻമാവ് ഇക്കൊല്ലമാണ് കന്നി കായ്ച്ചത്. കൊമ്പുകൾ ചായ്ച്ച്‌ ഇടതൂർന്ന മാങ്ങകൾ വറുതിചൂടേറ്റ് ചെനകുത്താൻ തുടങ്ങി.

വീടിന്റെ പിന്നാമ്പുറത്ത് കഴുക്കോലിൽ മുട്ടിച്ചുവച്ച ശീമമുള സുധാകരൻ വലിച്ചെടുത്തു. അറ്റത്ത്‌ ചുണ്ടരിവാൾ  വച്ചുകെട്ടി . 

അതിരിന്റെ ഒത്ത പാതിയിലാണ് മാവ് നിൽക്കുന്നത്. സ്വന്തം അമ്മാവൻ നാരായൺ നായരുടെ പറമ്പാണ് തൊട്ടപ്പുറത്ത്. ഏതും പോരാത്തവൻ... അറുത്ത കൈയ്ക്ക് ഉപ്പുതേക്കാത്തവൻ….. നോട്ടം തെറ്റിയാൽ ഉളുപ്പില്ലാതെ മൊത്തം പറിച്ചുകൊണ്ട് പൊയ്ക്കളയും. തിരി വീണപ്പോൾമുതൽ കൂടെക്കൂടെ ചോട്ടിൽവന്ന് വാപൊളിച്ച് മേലോട്ട് നോക്കുന്നത് കണ്ടിട്ടുണ്ട്.

സ്വന്തം അമ്മാവനെങ്കിലും ആളത്ര സുഖത്തിലല്ല. അമ്മ ജീവിച്ചിരുന്ന കാലത്ത് സ്വത്ത് ഭാഗം വച്ചത് മുതൽക്ക് തുടങ്ങിയതാണ് പതം പറച്ചിൽ. പെങ്ങള് കളിപ്പിച്ചോണ്ടു പോയത്രേ. അതിരിൽ കല്ലിടുമ്പോൾ ഒന്നും രണ്ടും പറഞ്ഞ് ഇടം തിരിഞ്ഞതാണ്. അതോടെ ബന്ധം മുറിഞ്ഞു. പോക്കുവരവുകൾ നിലച്ചു. കാണുമ്പോൾ മുഖംകൊടുക്കാതെ വഴിമാറി നടന്നു. 

ഒന്നും നോക്കാനില്ല. പറിയ്ക്കുക. ഉച്ചയൂണും കഴിഞ്ഞ് അമ്മാവൻ നടു നൂർക്കുന്ന സമയമാണ്. ഇതുതന്നെ തക്കം. ചോദിയ്ക്കാൻ വന്നാൽ മാവ് ഇപ്പുറത്താണെന്നങ്ങു പറഞ്ഞേക്കുക. അത്രതന്നെ. 

മുൻവശത്തെ ചാരുകസ്സേരയിൽ വന്നിരുന്ന് വെറ്റിലമുറുക്കാൻ ചുരുട്ടി ചവച്ചു കിടക്കുകയായിരുന്നു നാരായൺ നായർ.

തിരിവീണു തുടങ്ങിയപ്പോഴേ നാരായൺ നായരുടെ ഒരു കണ്ണ് മാവിൽ പതിഞ്ഞതാണ്. വകതിരിവില്ലാത്തവനാണ് സുധാകരൻ. മാങ്ങ വിളഞ്ഞാൽ, കിട്ടുന്ന താപ്പിന് അവൻ കടത്തിക്കളയും. വയസാം കാലത്ത് തോട്ടികെട്ടി പറിക്കാനൊന്നും ആവതില്ല. അതിനാണ് പല നാള് വഴിയിൽ കാത്തുനിന്നിട്ട് ആ മൊത്തക്കച്ചവടക്കാരൻ പാണ്ടിക്കാരനെ കൂട്ടികൊണ്ടുവന്ന് പേശിയും പിണങ്ങിയും നല്ലൊരു തുക രൊക്കംപറഞ്ഞ് ഉറപ്പിച്ചുവച്ചത്.

പലതും ചിന്തിച്ച് ചാരുകസ്സേരയിൽ ചാഞ്ഞു കിടക്കുമ്പോഴാണ് നാരായണൻ നായർ കണ്ടത്, മാവിന്റെ ചില്ലകൾക്കിടയിൽ ഒരു തോട്ടി അനങ്ങുന്നത്.

കസ്സേരയിൽ നിന്നും പിടഞ്ഞെഴുന്നേറ്റു.

 “അതവൻതന്നെ …. സുധാകരൻ…. എരണംകെട്ടവൻ …..”  

അടുക്കള വാതിലും ചാടിക്കടന്ന് താഴത്തെ പറമ്പിലേക്ക് പാഞ്ഞു.  

തോട്ടിക്ക് വളഞ്ഞുനിന്ന് കൊട്ടയിൽ മാങ്ങാ പറിച്ചു കൂട്ടുകയാണ്  സുധാകരൻ. 

പിന്നിൽക്കൂടി നാരായൺ നായർ വന്നത് സുധാകരന്റെ കണ്ണിൽ പെട്ടില്ല.

കൈലിമുണ്ട് ഏറ്റിക്കുത്തി നാരായൺ നായർ ആയത്തിൽ കുട്ടയ്ക്ക് തൊഴിച്ചു  

“പന്ന നായേ ….തരവഴിത്തരം കാണിക്കുന്നോ?”

കുട്ടയിൽനിന്നും മാങ്ങാ നാലുപാടും ചിതറിത്തെറിച്ചു.

ഒരുനിമിഷത്തിൽ സുധാകരനും ഞെട്ടിത്തരിച്ചു പോയി. 

നാരായൺ നായർ നിന്നുകിതച്ചു. അരിശത്തിൽ ചുണ്ടുകൂട്ടി മുറുക്കാൻ ചവച്ച്‌ കണ്ണുകൾ തുറിച്ചു നോക്കി നിന്നു.

സുധാകരന് കീഴേന്ന് തരിച്ചുകയറി. തോട്ടി നിലത്തേക്കെറിഞ്ഞു.  

“പോക്രിത്തരം കാണിക്കുന്നോ?”

“വന്നുവന്ന് എന്റെ പൊരേടത്തിക്കേറി ആദായമെടുക്കുന്നോടാ? ”

“തെന്റെ പൊരേടമോ. എന്റെ പറമ്പിനിക്കുന്ന മാവേന്ന് ആദായമെടുക്കാൻ തന്റെ ഓശാരം വേണോ?”

“പുളുത്തി…. നിന്റെ പറമ്പിലോ? ഹതു കൊള്ളാമല്ലോ?”

നാരായൺ നായര് കൈ കൂട്ടിത്തട്ടി 

 “പിന്നെ തന്റെ പറമ്പിലോ?”

സുധാകരനും കൈ കൂട്ടിത്തട്ടി

വായിൽ മുറുക്കാൻ കിടന്നിട്ട് നല്ലപോലെ നാലു വർത്തമാനം അങ്ങോട്ട് പറയാൻ ഒക്കുന്നില്ല. തികട്ടിവന്ന കോപത്തിന്റെ ആയതിൽ നാരായൺ നായർ മുറുക്കാൻ “പ്ളുസ്സ്” എന്ന ശബ്ദത്തോടെ വാഴയുടെ മൂട്ടിലേക്കു ഒറ്റത്തുപ്പുതുപ്പി. 

“നിന്റെ കണ്ണിലെന്നാ കുരുവോ. കണ്ണുതുറന്നു നോക്കെടാ എവിടാ നിക്കുന്നേന്ന്.” 

അതിരിന് നെടുനീളത്തിൽ നാരായണൻ നായർ കൈവീശി നാരായൺ നായർ പറഞ്ഞു.

“ആ നോക്കങ്ങോട്ട്”

“ആ നീ നോക്ക്”    

“ആ നോക്ക്….” 

അതിരുകല്ലിനു മുകളിൽ കാല് കവച്ചുവച്ച് സമംപിടിച്ചു നിന്ന് സുധാകരനും പറഞ്ഞു.

“ഒരു കുന്തോം നോക്കാനില്ല. അതെന്റെ പൊരേടത്തിലാ. ഹല്ലേ… ആ പാണ്ടിക്കാരന് രൊക്കം പറഞ്ഞു നെർത്തിയ മാങ്ങയാ” 

നാരായണൻ നായര് ചുണ്ടത്തു വിരൽവച്ചു.

“ആ... പറിപ്പിക്കാം. ഇങ്ങു വന്നേര് പാണ്ടിക്കാരനേംകൊണ്ട് ” 

“ഭാ… കഴുവേറീടെ മോനെ …..” 

നാരായൺ നായർ സുധാകരനുനേരെ ചുളിഞ്ഞുതൂങ്ങിയ കൈ ഉയർത്തിക്കൊണ്ടു ചെന്നു.

“ദാണ്ട് അമ്മാവനാണെന്നൊന്നും ഞാൻ നോക്കുകേല. നിക്കേണ്ടടത്ത് നിന്നോണം. കുന്നായ്മേം കൊണ്ട് ഇങ്ങോട്ടുവന്നാ കാലേവാരി നിലത്തടിക്കും. പറഞ്ഞേക്കാം.”

സുധാകരൻ വിരൽ ചൂണ്ടി.

“എന്നാ അടിക്കെടാ… അടിക്കെടാ …”

ഇളം നീലയിൻമേൽ കടുംനീല വരകളുള്ള ട്രൗസറിന് മുകളിൽ കൈലി ചെരച്ചുകുത്തി നാരായൺ നായർ സുധാകരന്റെ അടുത്തേക്ക് ചെറഞ്ഞു ചെന്ന്  പിന്നിലേക്ക്‌ തള്ളി.

സുധാകരൻ മനപ്പൂർവമായിത്തന്നെ പിന്നിലേക്ക് ഒഴിഞ്ഞു നിന്നു. അമ്മാവനായിപ്പോയില്ലേ?

നാരായണൻ നായർ വിടാൻ ഭാവമില്ലായിരുന്നു. ഒഴുഞ്ഞുമാറുന്നതിനനുസരിച്ചു  അയാൾ വീണ്ടും വീണ്ടും സുധാകരനെ പിന്നിലേക്ക്‌ തള്ളികൊണ്ടിരുന്നു.

"തല്ലെടാ.... തല്ലെടാ"

സഹികെട്ട് സുധാകരൻ നാരായണൻ നായരുടെ കൈ കൂട്ടിപ്പിടിച്ചു. 

“എന്റെ കൈ കൂട്ടിക്കെട്ടാറായോടാ നീ….?”

ഉന്തും തള്ളുമായി. ബഹളമായി..

നാരായൺ നായരുടെ ഭാര്യ പദ്മാവതിയമ്മ അടുക്കളയിൽനിന്നും പുറത്തേക്കിറങ്ങി. തൊട്ടപ്പുറത്തുള്ള സുധാകരന്റെ വീട്ടിലേക്ക് നീട്ടിവിളിച്ചു. 

“രമണിയേ .. എടീ ….”

“എന്നതാ അമ്മായി….” രമണി ഇറങ്ങി വന്നു.

“ഇങ്ങോട്ടൊന്നു വന്നേടീ… എവിടാടീ ഒരു വായും ബഹളോം  ..?”

“അതാ ഞാനും നോക്കുന്നേ …”

രണ്ടുപേരുംകൂടി താഴത്തെ പറമ്പിലേക്ക് ഇറങ്ങിച്ചെന്നു.

കലി കയറിനിന്ന നാരായൺ നായർ കിട്ടിയ വാക്കിന് വളഞ്ഞു കുത്തിനിന്ന് സുധാകരന്റെ ചെവിക്കല്ലിന് ഒന്ന് പൊട്ടിച്ചു. 

“ഒരുതരത്തിലും ജീവിക്കാൻ സമ്മതിക്കുകേലിയോടാ പട്ടീ…” 

കണ്ണിൽ പൊന്നീച്ച പറന്ന് സുധാകരൻ നിന്നു. 

രമണി അന്താളിച്ചു.

പദ്മാവതിയമ്മ പെട്ടെന്ന് നാരായൺ നായരേ പിടിച്ചുമാറ്റി. 

“എന്തോന്നാ നിങ്ങളീ കാണിക്കുന്നേ?”

“കൊല്ലും ഞാനീ പന്നിയെ” 

ശൗര്യമടങ്ങിയില്ല നാരായണൻ നായർക്ക്.

“എടോ … താൻ അമ്മാവനല്ലടോ…. കംസനാടോ കംസൻ” 

ചെകിടിന്റെ തരിപ്പുമാറാതെ സുധാകരൻ പറഞ്ഞു.

“കംസനല്ലടാ… കാലനാ .. കാലൻ. നിന്റെ കാലൻ.” 

നാരായൺ നായർ നിന്ന് വിറച്ചു.

“പറമ്പ് വീതംവച്ച കാലം മൊതല് ഇങ്ങേർക്ക് തുടങ്ങിയതാ മൂശേട്ടേം കലിപ്പും”.

സുധാകരൻ പറഞ്ഞു. 

“എന്തോന്നിത്? ഒന്നുമല്ലേലും നിങ്ങടെ അന്തരവനല്ലിയോ? ചത്തുകഴിഞ്ഞാ നിങ്ങക്ക് വായ്ക്കരിയിടാനായിട്ട് ആകെയുള്ള  ആൺന്തരിയാ ഇവൻ.” 

പദ്മാവതിയമ്മ ശകാരിച്ചു.  

“അതിന് ആർക്കുവേണം ഈ നാറീടെ വായ്ക്കരി. എങ്ങാനും ഇവനിട്ടാ എഴുന്നേറ്റവന്റെ മുഖത്തു ഞാൻ തുപ്പും”

“എന്റെ പട്ടിവരും തനിക്കു വായ്ക്കരിയിടാനും കൊള്ളിവയ്ക്കാനും.” 

സുധാകരൻ കൈകൊണ്ട് ഗോഷ്ടി കുത്തി. 

പദ്മാവതിയമ്മ നാരായൺ നായരെ പിടിച്ചുവലിച്ചു. 

“വരീൻ ഇങ്ങോട്ട്. രമണിയേ… നീ അവനേംകൊണ്ടു അകത്തുപോ.”

രമണി സുധാകരന്റെ  കൈയ്ക്ക്  പിടിച്ചു. 

“ഹോ… ഇവന്റെ മുന്നീന്ന് തലേം വിളിച്ചോണ്ട് ഇച്ചേച്ചി നേരത്തെയങ്ങ് പോയത് നന്നായി.” 

പദ്മാവതിയമ്മയുടെ കൈബലത്തിൽ വീട്ടിലേക്കു നടക്കുന്നതിനിടയിൽ നാരായൺ നായർ പറഞ്ഞു.

“ഉയ്യോ... എന്തൊരു സ്നേഹം ഇച്ചേച്ചിയോട്. ചാകാൻ കെടന്നപ്പം തുള്ളി വെള്ളം കൊടുക്കാൻ കേറിവരാത്തോനാ” 

സുധാകരൻ വിളിച്ചു പറഞ്ഞു. 

“എന്റെ കൊക്കിനു ജീവനൊണ്ടേ ഇതീന്നൊരു ചുള്ളിക്കമ്പു എടുക്കാമെന്ന് നീ വിചാരിക്കെണ്ടടാ”

“ആ കാണാം.”

“ആ കാണാം”

വീട്ടിലെത്തി അടുക്കളയുടെ പിന്നാമ്പുറത്തുനിന്ന് നാരായണൻ നായർ സുധാകരന്റെ വീട്ടിലേക്കു നോക്കി തന്നെയും പിന്നെയും ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. പണ്ട് കിടന്നതും പാളേത്തൂറിയതുമായ കഥയിൽ തുടങ്ങി മൂവാണ്ടൻ മാവിന്റെ ചരിത്രം വരെ ഇടവിടാതെ. 

അടുക്കളച്ചായ്പ്പിന്റെ മുറ്റത്തുനിന്ന് സുധാകരനും ആക്രോശം തുടർന്നു. അമ്മാവന്റെ ചെയ്തികളേയും പ്രവർത്തിളേയും കുറിച്ച്… മരിക്കാൻ നേരം അമ്മ പ്രാകീട്ടു പോയ പ്രാക്കിനേക്കുറിച്ച്… വടക്കേക്കണ്ടം ഭാഗംവച്ചപ്പോൾ ഒരു തുണ്ടുപോലും കൊടുക്കാതെ അമ്മയെ കളിപ്പിച്ചതിനേക്കുറിച്ച്….

പറഞ്ഞുപറഞ്ഞ് അരിശമടങ്ങിയപ്പോൾ സുധാകരന്റെ വീട്ടിലേക്കു നോക്കി “തുഫൂ” എന്ന് ഒരു ആട്ട് ആട്ടി നാരായൺ നായർ അകത്തേക്ക് കയറിപ്പോയി. സുധാകരനും അകത്തേക്ക് കയറി.

വീട്ടിനുള്ളിൽ പിന്നെയും എന്തൊക്കെയോ പുകഞ്ഞു. രണ്ടു വീട്ടിലും അകത്ത് പെണ്ണുങ്ങളുടെ ഗുണദോഷം പേർത്തു കേട്ടു.  പിന്നെ അവിടെയും ഇവിടെയുമായി ഒച്ചകൾ അടങ്ങി. 

പിറ്റേന്നുതന്നെ അതിരിൽ വേലിച്ചെടിയുടെ മുട്ടുകൾ പാകപ്പെട്ടു. 

“അവനെ ഇരുത്താനൊള്ള പണിയെനിക്കറിയാം.”

രൊക്കം പറഞ്ഞുവച്ച പാണ്ടിക്കാരനെ വെറുംകൈയോടെ പറഞ്ഞുവിടുമ്പോൾ  നാരായൺ നായർ പറഞ്ഞു.

“ഓ അപ്പടിയാ… കവലപ്പെടാതിങ്കെ…. അതുക്ക് ഒറു വളിയിറുക്കെ. ഒറു കൂടോത്രക്കാറൻ യേൻ കസ്റ്റടീലിറുക്കെ. വിടട്ടുമാ.”

പാണ്ടിക്കാരൻ വഴി പറഞ്ഞുകൊടുത്തു.

“ഹാ.. ഹാ…. വിടുങ്കോ … വിടുങ്കോ.”

ഒരു വഴി നാരായണൻ നായരും നോക്കിയിരിക്കുകയായിരുന്നു. 

കൂടോത്രക്കാരൻ വന്നു. പാതിരാത്രിയിൽ കാട്ടുകോഴിയുടെ തലയറുത്ത് ആൾരൂപവും ചെമ്പുതകിടും പൂവും കൂട്ടി കൂടോത്രം ചെയ്ത് വാഴയിലയിൽ പൊതിഞ്ഞ് സുധാകരന്റെ പറമ്പിലേക്കെറിഞ്ഞു. 

“യെനിയവൻ രണ്ടുകാലേ എഴുന്നേറ്റു നടക്കുന്നതൊന്നു കാണണം.” 

തെങ്ങിന് തടംകോരാനിറങ്ങിയപ്പോഴാണ് അത് സുധാകരന്റെ കണ്ണിൽ പെട്ടത്.

“കൂടോത്രം…. ഇത് ആ അമ്മാവൻ തെണ്ടീടെ പണിതന്നെ. അതും കോഴിത്തലയിൽ. ഈശ്വരാ എത്ര വെള്ളിടി വെറുതെ വെട്ടിപ്പോകുന്നു… എത്ര വെള്ളിടി”

തലയിൽ കൈവച്ച് സുധാകരൻ പ്രാകി.

ചാത്തന്റെ അമ്പലത്തിൽ ശത്രുസംഹാരം നടത്തി. കയ്യിൽ ഏലസ് ജപിച്ചുകെട്ടി. 

“അങ്ങേരടെ പൊകയെനിക്ക് കാണിച്ചുതരണേ.”  

സംഘർഷഭരിതമായ അതിർത്തിയിൽ ഇരുവശത്തേക്കും വേരുകളും കൊമ്പുകളും പുളച്ച്  കുശുമ്പിനും കുന്നായ്‌മയ്‌ക്കും സാക്ഷിയായ് മൂവാണ്ടൻ നിന്നു.

മഴയും വെയിലുമായി മാമ്പഴക്കാലം കൊഴിഞ്ഞിറങ്ങി. വേലിച്ചെടിയുടെ മുട്ടുകളിൽ മുളപൊട്ടിത്തുടങ്ങി.

“കേട്ടോ.. കേട്ടോ ... ഒന്നെഴുന്നേറ്റേ…” 

രമണി വിളിച്ചു. 

കാലത്തെ തണുപ്പിന്റെ സുഖത്തിൽ ഉടുമുണ്ടുവലിച്ച് തലവഴിമൂടി ചുരുണ്ടുറങ്ങുകയായിരുന്നു സുധാകരൻ. 

“എന്നതാടീ…”

സുധാകരൻ മുഷിഞ്ഞു നിവർന്നു.

“ഒന്നെഴുന്നേറ്റേ ...ദാണ്ട്‌ .. നിങ്ങടമ്മാവൻ…”

“അമ്മാവനോ … എനിക്ക് കാണേണ്ടാ ആ തെണ്ടിയെ” 

കൈലി വലിച്ചിട്ടു സുധാകരൻ വീണ്ടും ചുരുണ്ടു. 

“അതല്ലെന്ന്…”

“എനിക്ക് കേൾക്കണ്ട”

“അതല്ലെന്ന് .. അപ്പ്രത് കൊറേ ആൾക്കൂട്ടം.”

സുധാകരൻ തലയുയർത്തി രമണിയെ ചോദ്യ ശരണങ്ങളോടെ തുറിച്ചുനോക്കി. എന്നിട്ട് കൈലി വലിച്ചുറ്റി എഴുന്നേറ്റ് ജനാലയ്ക്കലേക്ക് ചെന്നു. 

അമ്മാവന്റെ വീടിന്റെ മുറ്റത്ത് കുറേപ്പേർ കൂടിനിൽക്കുന്നു. സാമ്പ്രാണിത്തിരിയുടെ മനം മടുപ്പിക്കുന്ന ഗന്ധം. പദ്മാവതിയമ്മാവിയുടെ അടക്കിപ്പിടിച്ച തേങ്ങൽ. കുറച്ചുപേർ പന്തൽ  വലിച്ചുകെട്ടാൻ ഒരുങ്ങുന്നു.. 

“വെളുപ്പിനെയാരുന്നു.” തൊട്ടു പിന്നിലായി രമണി പറഞ്ഞു.

ഒരുനിമിഷം സുധാകരൻ ശ്വാസം നിലച്ചു  നിന്നു. 

“നിങ്ങള് അത്രടം വരെ ഒന്ന് പോ. വാശീം വൈരാഗ്യായോം ഒന്നും വേണ്ട.” 

രമണി തോളിൽ തഴുകി. 

“ഞാനൊന്ന് പോയിട്ട് വരാം.” 

ക്രാസിയിൽ വിരിച്ചിട്ട തോർത്ത് വലിച്ചെടുത്ത് രമണി മുറി വിട്ടിറങ്ങി.

കട്ടിലിന് മുകളിലേക്ക് സുധാകരൻ കൂനിക്കൂടിയിരുന്നു. എന്നിട്ട് എന്തൊക്കൊയോ  ചിന്തകളിൽ മുഴുകി.

മാറിലൂടെ തോർത്ത് വലിച്ചിട്ട് രമണി അമ്മാവന്റെ വീട്ടിലേക്കു ആകുലതകളോടെ നടന്നുകയറുന്നതു കണ്ടു. 

ഏറെ നേരം അയാൾ ആ ഇരിപ്പ് ഇരുന്നു.  ചിന്താഭാരവുമായി. പിന്നെ…. എഴുന്നേറ്റു.

അതിർത്തി മുറിച്ച് അപ്പുറത്തേക്ക് നടന്നു.  

മുന്നിലത്തെ മുറിയിലായ്  അമ്മാവനെ കിടത്തിയിരിക്കുന്നു. 

കരഞ്ഞു തൂങ്ങിയ കണ്ണുമായി പദ്മാവതിയമ്മായി ... കൂടെ രമണി… പിന്നെ  മറ്റാരൊക്കെയോ ചുറ്റും ഇരിക്കുന്നു.. 

പദ്മാവതിയമ്മായി വിതുമ്പി. “പോയെടാ….”

കസവുകച്ച പുതച്ചു കിടക്കുന്ന അമ്മാവൻ. തലയ്ക്കൽ ആളുന്ന നിലവിളക്ക്. പരേതാത്മാവിനു കൂട്ടായി കനത്ത സാമ്പ്രാണി ഗന്ധം. 

അമ്മാവന്റെ മുഖത്തിപ്പോൾ കോപമില്ല.. വൈരാഗ്യമില്ല… മൂശേട്ടയില്ല…. സമാധാനം…. നിറഞ്ഞ ശാന്തന്തത.. എല്ലാം അവസാനിപ്പിച്ചിട്ട് അമ്മാവൻ പോയിരിക്കുന്നു.

 ഉള്ളിൽ ഒരുപിടി ഓർമകൾ തെളിഞ്ഞുമാഞ്ഞു.  

എഴുത്തോലയുമായി അമ്മാവന്റെ കൈ പിടിച്ച് ആശാൻ പള്ളിക്കൂടത്തിലേക്കു നടന്നത് …

നാട്ടിലെ ഉത്സവമായ ഉത്സവത്തിനെല്ലാം തന്നെ കൂടെ കൊണ്ടുനടന്നത്…… 

അഞ്ചാംപനി പെട്ട് നീരൊലിപ്പിച്ചു കിടന്നപ്പോൾ തോളത്തെടുത്ത് പുഴനീന്തി വൈദ്യശാലയിലേക്ക് കൊണ്ടുപോയത്…...

സ്‌കൂൾ വിട്ടുവരുമ്പോൾ റോഡിൽനിന്നും പെറുക്കിയെടുത്ത മുറിബീഡി ആരും കാണാതെ എരുത്തിലിന്റെ പിന്നിൽ നിന്ന് വലിക്കുന്നത് കണ്ടപ്പോൾ വടിയൊടിച്ചു ചന്തിക്കു തല്ലിയത്...

പത്താംക്ളാസ്സിൽ തോറ്റുപോയപ്പോൾ മുഖം കറുത്ത്  ശകാരിച്ചത് ....

പെണ്ണുകണ്ട് കെട്ടിക്കേറുന്നതുവരെ കാർന്നോരായി കൂടെ നിന്നത് …...

വീതം തിരിച്ചപ്പോൾ ഒന്നും രണ്ടും പറഞ്ഞു അമ്മയുമായി തെറ്റിയത്…... 

പിന്നെ പരസ്പരം കുത്തുവാക്കുകൾ പറഞ്ഞത് … കലഹിച്ചത്…..

ബന്ധങ്ങൾ പയ്യെപ്പയ്യെ അകന്നുപോയത്…..

അങ്ങനെയങ്ങനെ…... ഓരോന്നോരോന്ന്‌ …….

മറക്കരുതായിരുന്നു... ഒന്നും താൻ മറക്കരുതായിരുന്നു... 

കണ്ണുകൾ നനയുന്നുവോ ….

പുറത്തേക്കിറങ്ങി. വേലിക്കലേക്കു അടുക്കുമ്പോൾ കൈലിയുടെ തുമ്പുയർത്തി കണ്ണുതുടച്ചു. 

അടുക്കള ചായിപ്പിൽ എത്തി കോടാലി കയ്യിലെടുത്ത് സുധാകരൻ തോട്ടുവക്കത്തേക്ക്  നടന്നു. 

എന്തോ മറിഞ്ഞുവീഴുന്ന ഒച്ച കേട്ടാണ് രമണി പറമ്പിറങ്ങിച്ചെന്നത്.

അവർ അതിശയത്തോടെ നോക്കി. മൂവാണ്ടൻ മാവാണ് വീണുകിടക്കുന്നത്.

കോടാലി കൊത്തിനിർത്തി വിയർപ്പുതുടച്ച് സുധാകരൻ നിൽക്കുന്നു. തോട്ടുവക്കത്തായി ചിതയ്ക്കുള്ള നിലമൊരുങ്ങുന്നു.

സുധാകരൻ  മുഖമുയർത്തി.

രമണി സുധാകരന്റെ കണ്ണുകളിലേക്ക്  ആർദ്രമായി നോക്കി.

“അമ്മാവൻ കൊണ്ടുപോട്ടെടീ …..”

അയാളുടെ നനവൂറിനിന്ന കണ്ണുകളിൽ നീർമണികൾ പെരുത്തു.

“ഇതല്ലേ അമ്മാവന് വേണ്ടിയിരുന്നത്. കൊണ്ടുപോട്ടെ……”